There was an error in this gadget

Saturday, 23 November 2013

മുമ്പേ പറക്കാന്‍ തയ്യാര്‍...

മുമ്പേ പറക്കാന്‍ തയ്യാര്‍...

വിദ്യാലയ പ്രവര്‍ത്തനങ്ങള്‍ക്ക് മാതൃകകള്‍ സൃഷ്ടിച്ചുകൊണ്ട് മുമ്പേ പറക്കാനുള്ള ജില്ലാ വിദ്യാഭ്യാസസമിതിയുടെ ക്ഷണം ഉജാര്‍ - ഉള്‍വാര്‍ ജെ ബി എല്‍ പി സ്കൂള്‍ പി ടി എ ഏറ്റെടുത്തു. 2013 നവമ്പര്‍ 23 ന് സ്കൂളില്‍ നടന്ന സ്കൂള്‍തല രക്ഷാകര്‍ത്തൃ യോഗത്തിലാണ് സുപ്രധാനമായ തീരുമാനം ഉണ്ടായത്.

ജൈവവേലി നിര്‍മാണം, പാചകത്തിന് ശുദ്ധജലം, മാലിന്യനിര്‍മാര്‍ജനത്തിന് സംവിധാനങ്ങള്‍, കിണറിന് വല, ഇംഗ്ലീഷ് പത്രം ലഭ്യമാക്കല്‍ എന്നിവ ഉടന്‍ ഏറ്റെടുക്കും. തുടര്‍ന്നുള്ള മാസങ്ങളില്‍ പെഡഗോഗിക് പാര്‍ക്ക്, വായനക്കൂടാരം, എല്ലാ ക്ലാസിലും കുടിവെള്ള വിതരണത്തിനുള്ള പാത്രങ്ങള്‍, എല്ലാ ക്ലാസിലും ഫാന്‍, സ്കൂള്‍ ബസ് തുടങ്ങിയ മറ്റു വികസന പ്രവര്‍ത്തനങ്ങള്‍ കൂടി 'മുമ്പേ പറക്കാം'പദ്ധതിയുടെ ഭാഗമായി ഈ അധ്യയനവര്‍ഷം തന്നെ പൂര്‍ത്തിയാക്കാന്‍ തീരുമാനിച്ചു. പല ഇനങ്ങളിലുമുള്ള സ്പോണ്‍സര്‍ഷിപ്പുകള്‍ യോഗത്തില്‍ വെച്ച് പ്രഖ്യാപിക്കപ്പെട്ടു. കുമ്പള ഗ്രാമപ്പഞ്ചായത്തും സ്ഥലം എം എല്‍ എ യും വിവിധ വാഗ്ദാനങ്ങള്‍ നല്‍കിയതായി പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയര്‍മാന്‍ യൂസഫ് ഉള്‍വാര്‍ യോഗത്തെ അറിയിച്ചു.

ചടങ്ങില്‍ പി ടി എ പ്രസിഡന്റ് യു എം മഹമൂദ് അധ്യക്ഷനായിരുന്നു. കുമ്പള ഗ്രാമപ്പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയര്‍മാന്‍ യൂസഫ് ഉള്‍വാര്‍ സ്കൂള്‍തല പ്രവര്‍ത്തനങ്ങളുടെ ഔപചാരികമായ ഉദ്ഘാടനം നിര്‍വഹിച്ചു. ഡയറ്റ് സീനിയര്‍ ലക്ചറര്‍ ഡോ. പി വി പുരുഷോത്തമന്‍ സ്കൂള്‍ ശാക്തീകരണ പരിപാടികളെ കുറിച്ച് വിശദീകരിച്ചു. അധ്യാപകനായ ലത്തീഫ് എം വികസനപ്രവര്‍ത്തനങ്ങളുടെ കരട് അവതരിപ്പിച്ചു. ചടങ്ങിന് ഹെഡ് മിസ്റ്റ്രസ് സി എച്ച് ഹേമലത സ്വാഗതവും അധ്യാപിക ഷീജ കെ യം നന്ദിയും പറഞ്ഞു. എസ് ആര്‍ ജി കണ്‍വീനര്‍ ഉഷ, മറ്റ് സ്റ്റാഫ് അംഗങ്ങള്‍, പി ടി എ എക്സിക്യൂട്ടീവ് അംഗങ്ങള്‍ എന്നിവര്‍ ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കി

Thursday, 14 November 2013

ശിശുദിനാശംസകള്‍ !




ഏവര്‍ക്കും ശിശുദിനാശംസകള്‍ !

വര്‍ഷങ്ങള്‍ക്കുംമുന്‍പ് , 1889 - ല്‍
ഇതുപോലൊരു നവംബര്‍ പതിനാലിനാണ്
സ്വതന്ത്ര ഇന്ത്യയുടെ ആദ്യത്തെ പ്രധാനമന്ത്രിയും
കൂട്ടുകാരുടെ പ്രിയപ്പെട്ട ചാച്ചാജിയുമായ
പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്റു  ജനിച്ചത്.
ദീര്‍ഘദര്‍ശിയായ ആ രാഷ്'ട്രശില്‍പിയെ
ഈ അവസരത്തില്‍ നമുക്ക് ആദരപൂര്‍വ്വം ഓര്‍മിക്കാം.


ദിനാചരണങ്ങള്‍ അപകടസൂചനകള്‍ കൂടിയാണ്.
ബാല്യത്തിന്റെ പ്രാധാന്യം നമ്മുടെ സമൂഹം വേണ്ട രീതിയില്‍  തിരിച്ചറിയുന്നില്ല എന്നതാണ് ശിശുദിനാഘോഷത്തന്റെ പിന്നാമ്പുറത്തുള്ള ഒരു അപകട സൂചന.
അതുകൊണ്ടായിരിക്കുമല്ലോ ദിനാചരണമൊക്കെ വേണ്ടിവന്നത്.

കുട്ടികളുടെ സുരക്ഷിതത്വം, സംരക്ഷണം, അവകാശം മുതലായ കാര്യങ്ങള്‍
ആണ്ടറുതികളില്‍ വന്നുപോകുന്ന
ദിനാചരണങ്ങളിലും ആഘോഷങ്ങളിലും  മാത്രമായി ഒതുങ്ങിപ്പോകുന്നു എന്നതാണ് മറ്റൊരപകടം.
വര്‍ഷങ്ങളായി നമ്മള്‍ ശിശുദിനം ആഘോഷിച്ചുവരുന്നുണ്ടല്ലോ.
എന്നിട്ടും കുട്ടികള്‍ക്കു നേരെയുള്ള അതിക്രമവും ചൂഷണവും പീഡനവും നമ്മുടെ നാട്ടില്‍ കൂടിക്കൂടി വരികയാണ്. ലോകത്ത് ഏറ്റവുമധികം കുട്ടികളുള്ള നമ്മുടെ രാജ്യം
(2011 ലെ കാനേഷുമാരി കണക്കെടുപ്പു പ്രകാരം ഇന്ത്യയില്‍ 15,87,89,287 കുട്ടികളുണ്ടത്രെ !
ചൈനക്ക് കുട്ടികളുടെ എണ്ണത്തിന്റെ കാര്യത്തില്‍ രണ്ടാം സ്ഥാനമേയുളളൂ.)
ശിശു വികാസ സൂചികയുടെ (Child Development Index) കാര്യത്തില്‍
നൂറ്റി പന്ത്രണ്ടാം സ്ഥാനത്താണെന്നറിയുമ്പോഴാണ്
ഇന്ത്യയിലെ കുട്ടികളുടെ യഥാര്‍ഥ അവസ്ഥ നമുക്ക് മനസ്സിലാവുന്നത്.
ഇന്നത്തെ കുട്ടികളാണ് നാളത്തെ പൗരന്മാര്‍ എന്ന കാര്യം
ശിശുദിനത്തിന്റെ പിറ്റേദിവസം തന്നെ നമ്മള്‍ മറന്നു പോവുകയാണോ ?

ഒരു വശത്ത് അവഗണനയും അവഹേളനവും അനുഭവിക്കുമ്പോള്‍,
മറുവശത്ത് അമിതമായ പരിചരണവും ശിക്ഷണവുമാണ്  വലിയൊരു വിഭാഗം കൂട്ടുകാര്‍ക്കു ലഭിക്കുന്നത്.
കുട്ടികളെ കുറച്ചുസമയമെങ്കിലും അവരുടെ പാട്ടിനു വിടാന്‍ ഈ രക്ഷിതാക്കള്‍ ഒരുക്കമല്ല.
കുട്ടികളോട് മുതിര്‍ന്നവര്‍ക്ക് ഇവിടെ ഒരുതരം ബഹുമാനം കലര്‍ന്ന ആരാധാനയും ഉണ്ട്.
ജീവിതത്തില്‍ എല്ലാ കാലത്തും ഈ പരിചരണവും പരിഗണനയും നമുക്ക് കിട്ടുമോ ?
കേരളീയ ബാല്യം ഇപ്പോള്‍ നേരിടുന്ന പ്രധാന വെല്ലുവിളികളിലൊന്ന് ഒരു പക്ഷെ ഇതായിരിക്കാം.

പരിണാമചരിത്രത്തില്‍ ഏറ്റവും വികാസം നേടിയ മനുഷ്യവംശത്തിലെ ശിശുക്കള്‍ മാത്രം
ഇത്രയധികം പരാശ്രയജീവികളായി മാറിയത് അത്ഭുതം തന്നെ.
എങ്കിലും, ശുചിത്വം, ആരോഗ്യം, സ്വഭാവം, പഠനം,
കൂട്ടുകാരോടും വീട്ടുകാരോടും നാട്ടുകാരോടുമുള്ള സഹകരണം മുതലായ കാര്യങ്ങളെല്ലാം
തങ്ങളാലാവും വിധം സ്വയമേവ ചെയ്യാന്‍ കുട്ടികള്‍ക്കും കഴിയണം.
എല്ലാത്തിനും മുതിര്‍ന്നവരെ മാത്രം കുറ്റം പറയുന്നതു ശരിയല്ലല്ലോ.

എങ്ങനെയായാലും കുട്ടികള്‍ക്കു വേണ്ടി ചിന്തിക്കുകയും
പ്രവര്‍ത്തിക്കുകയും ചെയ്യുന്ന വലിയൊരു വിഭാഗം ഇവിടെയുണ്ട്.
അതുകൊണ്ടാണല്ലോ കുട്ടികളുടെ അവകാശപ്രഖ്യാപന ഉടമ്പടിയും
(Declaration of Child Right Convention, United Nations, 1989)
വിദ്യാഭ്യാസ അവകാശ നിയമവുമൊക്കെ ഉണ്ടായത്.
(Right to Education, Government of India, 2009)
നിയമങ്ങള്‍ എത്ര ഉണ്ടായിട്ടും
ലോകമെമ്പാടും കുട്ടികളുടെ ദുരിതങ്ങള്‍ക്ക്  കാര്യമായ കുറവുണ്ടാവുന്നില്ല.

കുട്ടികള്‍ക്ക് എന്താണ് ചെയ്യാന്‍ കഴിയുക ?
കുട്ടികളുടെ കാര്യങ്ങള്‍ അറിയാനും പറയാനും നമുക്കു കഴിയണം.
തനിക്കോ കൂട്ടുകാര്‍ക്കോ
ആഹാരം ലഭിക്കുന്നില്ലെങ്കില്‍,
സ്കൂളില്‍ പോകാന്‍ പറ്റുന്നില്ലെങ്കില്‍,
പണത്തിനുവേണ്ടി ജോലി ചെയ്യേണ്ടി വരുന്നുണ്ടെങ്കില്‍,
ഏതെങ്കിലും രീതിയില്‍ ചൂഷണം ചെയ്യപ്പെടുന്നുണ്ടെങ്കില്‍ .....
അത് കാണാനും തിരിച്ചറിയാനും പറയാനും നമുക്ക്  കഴിയണം.
കുട്ടികള്‍ക്കു തന്നെയാണ് ഇത്തരം കാര്യങ്ങള്‍ ആദ്യമായി അറിയാന്‍ കഴിയുക.
അത് വേണ്ടപ്പെട്ടവരെ അറിയിക്കുക എന്നതാണ് നമുക്കു ചെയ്യാവുന്ന ഏറ്റവും പ്രധാന കാര്യം.

ഇവിടെ, ഉയരുന്ന വലിയൊരു ചോദ്യമുണ്ട്.
ആരോട് പറയും ?
കുട്ടികള്‍ തന്റെയും കൂട്ടുകാരുടേയും ദുരനുഭവങ്ങള്‍ ആരോടാണ് പറയുക ?

നമുക്ക് പറയാനൊരിടം വേണം.
എല്ലാം തുറന്നു പറയാനൊരിടം.
അതിനായി, നമുക്കൊത്തൊരുമിച്ച് പരിശ്രമിക്കാം.